• admin

  • February 8 , 2020

തിരുവനന്തപുരം :

സംസ്ഥാനത്ത് പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ കൂടി. ഇതിനായി സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി. തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതാണ് വളരെ വേഗത്തില്‍ അന്തിമ രൂപം നല്‍കി ഭരണാനുമതി നല്‍കിയത്. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, ഹൈക്കോടതി, നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്. ഹൈക്കോടതിയുമായി കൂടിയാലോചിച്ചാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നത്. ഓരോ കോടതിയിലും പ്രതിവര്‍ഷം 165 കേസുകളെങ്കിലും തീര്‍പ്പാക്കും.

ഹൈക്കോടതി നല്‍കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 12,234 പോക്‌സോ, ബലാത്സംഗ കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 28 കോടതികള്‍ സ്ഥാപിക്കുന്നത്. പുതിയ കോടതികളെ പോക്‌സോ കോടതികളായി നിശ്ചയിക്കുന്ന പ്രത്യേക ഉത്തരവുകള്‍ കോടതികളുടെ സ്ഥാനം അറിഞ്ഞശേഷം ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.