• admin

  • January 21 , 2020

: പൈനാപ്പിള്‍ എന്ന കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങളില്‍ വച്ച് പോഷകഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്. കുട്ടികള്‍ക്കു നല്‍കാന്‍ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്. ബ്രോമെലെയ്ന്‍ എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ ഉണ്ട്. ഇതിന് കാന്‍സറിനെ പ്രതിരോധിക്കാനും ഇന്‍ഫ്‌ലമേഷന്‍ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കുടവയര്‍ കുറയ്ക്കാനും പൈനാപ്പിള്‍ മികച്ചതു തന്നെ. ദഹനത്തിനു സഹായകം ബ്രോമലെയ്ന്‍ അടങ്ങിയ പൈനാപ്പിള്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റും. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്‌ന് കഴിവുണ്ട്. ഇന്‍ഫ്‌ലമേഷന്‍ തടയുന്നു- ഇന്‍ഫ്‌ലമേഷന്‍ തടയാന്‍ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ന്‍ സഹായിക്കുന്നു. പൈനാപ്പിള്‍ സത്ത് അലര്‍ജിക്ക് എയര്‍വേ ഡിസീസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ ഫലപ്രദമാണ്. സന്ധിവാതത്തിന്- ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാള്‍ജെസിക് ഗുണങ്ങള്‍ ഉള്ള ബ്രോമെലെയ്ന്‍, വീക്കവും വേദനയും കുറയ്ക്കുന്നു. എല്ലുകളുടെ ആരോഗ്യം എല്ലുകളുടെ വളര്‍ച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിള്‍ കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുകയും മുതിര്‍ന്നവരില്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാന്‍ ബ്രോമെലെയ്ന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശക്തിയേകുന്നു- രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്ന കുട്ടികള്‍ക്ക് മൈക്രോബിയല്‍ ഇന്‍ഫെക്ഷനുകള്‍ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ന്‍ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാന്‍ സഹായിക്കും. ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ തടയാനും ഇതിനു കഴിയും. വേഗം സുഖമാകാന്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ന്‍ സര്‍ജറിക്കു ശേഷം വേഗം സുഖമാകാന്‍ സഹായിക്കുന്നു. ഡെന്റല്‍ സര്‍ജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എന്‍സൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം പൈനാപ്പിളില്‍ അടങ്ങിയ വൈറ്റമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ പൈനാപ്പിള്‍ അലര്‍ജി ഉണ്ടാക്കും. ചൊറിച്ചില്‍, നടുവേദന, ഛര്‍ദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരില്‍ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാന്‍ കാരണമാകും. ഗര്‍ഭമലസലിനു കാരണമാകാമെന്നതിനാല്‍ ഗര്‍ഭിണികള്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രമേ പൈനാപ്പിള്‍ ഉപയോഗിക്കാവൂ. പഞ്ചസാര താരതമ്യേന കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കു പോലും പൈനാപ്പിള്‍ കഴിക്കാം. പക്ഷേ മിതമായ അളവില്‍ ആയിരിക്കണമെന്നു മാത്രം.