• Lisha Mary

  • April 22 , 2020

എറണാകുളം : ജില്ലയിലെ ഹോട്സ്സ്‌പോട്ട് പ്രദേശങ്ങളില്‍ പിന്തുടരേണ്ട നിബന്ധനകള്‍ സംബന്ധിച്ച വിശദമായ നിയമാവലി തയ്യാറാക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ഹോട്‌സ്‌പോട്ടിനുള്ളില്‍ തന്നെ മുന്‍ഗണന അനുസരിച്ച് നിബന്ധനകള്‍ കര്‍ശനമാക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ച ചുള്ളിക്കല്‍ മേഖലയില്‍ 24 ന് ശേഷം നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി തുടരും. കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലും ലോക്ക്ഡൗണ്‍ തുടരും. മറ്റു പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വ്യവസായ നിര്‍മാണ മേഖലയിലെ ജോലികള്‍ക്കാണ് 24 ന് ശേഷം പ്രധാനമായും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജോലിക്കെത്തുന്ന ആളുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം തൊഴില്‍ദാതാവിനായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോലിക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസേഷന്‍ നടത്തുന്നുണ്ടെന്നും ഉറപ്പാക്കണം. ജോലിക്ക് പോവുന്നവരുടെ എണ്ണം സംബന്ധിച്ച ലേബര്‍ വകുപ്പും പ്രത്യേക ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അവശ്യക്കാര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കുന്നത് തുടരും. വിമാനത്താവളങ്ങള്‍ തുറന്നതിനു ശേഷം വിദേശത്തു നിന്നെത്തുന്ന ആളുകളെ താമസിപ്പിക്കാന്‍ സാധിക്കുന്ന മുറികളുടെ പ്രത്യേക കണക്ക് തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍മുറികള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍ എന്നിവയാണ് പ്രധാനമായി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മുമ്പായി വീടും പരിസരവും വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.