• admin

  • August 16 , 2020

മുംബൈ : കാത്തിരുന്നത് എങ്കിലും അപ്രതീക്ഷിതം എന്നു പറയാം ടീം ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍. മൂന്ന് ഐസിസി കിരീടങ്ങളടക്കം എണ്ണമറ്റ നേട്ടങ്ങളിലേക്ക് ടീം ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കൂള്‍ നീണ്ട 16 വര്‍ഷത്തെ രാജ്യാന്തര കരിയറിനാണ് ഇന്നലെ വിരാമമിട്ടത്. ക്രിക്കറ്റ് ലോകം ധോണിയുടെ ഐതിഹാസിക കരിയറിന് നന്ദി പറയുന്ന വേളയില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബംഗ്ലാദേശ് പര്യടനത്തിലാണ് ധോണിയെ ആദ്യമായി കാണുന്നത്. അവന്‍ നന്നായി പന്ത് ഹിറ്റ് ചെയ്യുമെന്ന് ഞാനും സൗരവും കേട്ടിരുന്നു. എന്നാലത് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അയാള്‍ക്ക് ചെയ്യാനാകുമോ?, അതായിരുന്നു ഞങ്ങളുടെ ചോദ്യം. ആ പരമ്ബരയില്‍ ഏറെ റണ്‍സൊന്നും ധോണിക്ക് കണ്ടെത്താനായില്ല. എന്നാല്‍ ഒരുപറ്റം മികച്ച ഷോട്ടുകള്‍, ലോംഗ് ഓഫിലൂടെയുള്ള ഒരു ബൗണ്ടറിയടക്കം പായിച്ച അവനില്‍ എന്തോ ഒരു സവിശേഷത ഉള്ളതായി എനിക്ക് തോന്നി. പന്ത് കരുത്തോടെ അടിച്ചകറ്റുന്നതില്‍ അവന് മികവുള്ളതായി ദാദയോട്(സൗരവ് ഗാംഗുലി) ഞാന്‍ പറഞ്ഞു. ഹാര്‍ഡ് ഹിറ്റര്‍മാരുടെ ബാറ്റില്‍ നിന്നുള്ള ശബ്ദം വേറിട്ടതാണ്. ആ ശബ്ദം തിരിച്ചറിഞ്ഞ കാര്യം ദാദയെ ധരിപ്പിച്ചു. യുവ്‌രാജ് സിംഗ് ബാറ്റ് ചെയ്യുമ്ബോഴാണ് മുന്‍പ് സമാന ശബ്ദം കേട്ടിട്ടുള്ളത്. ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കുന്ന, ഇന്ത്യന്‍ ക്രിക്കറ്റിലെ അടയാളമായി പിന്നീട് മാറി ധോണി. അയാള്‍ കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടിരുന്നു. സമ്മര്‍ദങ്ങളെ കൂളായി നേരിട്ടു. കളി നന്നായി വായിച്ചെടുക്കാനും ധോണിക്കായി. ഓരോ തലമുറയിലും ഇന്ത്യന്‍ ക്രിക്കറ്റിന് സ്വതസിദ്ധമായ ശൈലിയില്‍ സംഭാവന നല്‍കിയ താരങ്ങളുടെ പട്ടികയില്‍ ധോണിയുടെ പേര് നിശ്ചയമായും ഉണ്ടാകും' എന്നും സച്ചിന്‍ പറഞ്ഞു. 2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്ബ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച ധോണി എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനാണ്. 350 ഏകദിനത്തില്‍ 10733 റണ്‍സെടുത്തു. ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരില്‍ അഞ്ചാമന്‍. 90 ടെസ്റ്റിലും 98 ട്വന്റി 20യിലും ഇന്ത്യന്‍ തൊപ്പിയണിഞ്ഞു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് അവസാനമായി ഇന്ത്യ ടീമില്‍ കളിച്ചത്. ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ കളിച്ച്‌ വിരമിക്കാനിരിക്കേ, കൊവിഡ് പ്രതീക്ഷകള്‍ തകിടംമറിച്ചു. ഇതോടെയാണ് ധോണി വിരമിക്കല്‍ തീരുമാനത്തിലെത്തിയത്.