• Lisha Mary

  • March 31 , 2020

തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. മദ്യത്തിന് കുറിപ്പ് നല്‍കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഇതിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടുമെന്നും, സര്‍ക്കാര്‍ നടപടി എടുത്താല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും.ഒരാള്‍ക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്നുളള ആത്മഹത്യ സംസ്ഥാനത്ത് ഏറി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.