• Lisha Mary

  • March 31 , 2020

കല്‍പ്പറ്റ : അതിഥി തൊഴിലാളികളുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ പരിധിയിലുളള അതിഥി തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തി ഇവരുടെ പേര്, മേല്‍വിലാസം, തൊഴിലുടമയുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങുന്ന പട്ടിക തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുളളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം. അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന ഭക്ഷണം നല്‍കണം. പഞ്ചായത്തിലെ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം. താമസസൗകര്യമുളളവരും എന്നാല്‍ സ്വന്തം ചിലവില്‍ ഭക്ഷണ സമഗ്രികള്‍ വാങ്ങുന്നതിന് കഴിയാത്തവരുമായവര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണം. ഓരോ അതിഥി തൊഴിലാളിക്കും 15 ദിവസത്തേക്ക് 3 കിലോ അരി, അര കിലോ പരിപ്പ്, 200 ഗ്രാം ഓയില്‍, 2 കിലോ കിഴങ്ങ്, 100 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മുളക് പൊടി, 250 ഗ്രാം പച്ചമുളക് എന്നിവ ഉള്‍പ്പെടുന്ന കിറ്റ് തയ്യാറാക്കണം. കിറ്റുകള്‍ തയ്യാറാക്കുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം. കമ്മ്യൂണിറ്റി കിച്ചണ്‍വഴി ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുളള വോളണ്ടിയര്‍മാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താം. വോളണ്ടിയര്‍മാരുടെ എണ്ണം അഞ്ചില്‍ കൂടാന്‍ പാടില്ല. കിറ്റുകളുടെ വിതരണം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നിര്‍വഹിക്കണമെന്നും ജില്ലാഭരണകൂടം നിര്‍ദേശിച്ചു.