• Lisha Mary

  • March 31 , 2020

അബുദാബി : കോവിഡ് 19ന്റെ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചു വിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ സര്‍ക്കാര്‍. ആവശ്യമായി വന്നാല്‍ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയതോടെ അധിക ജീവനക്കാരുടെ സേവനം താത്കാലികമായി അവസാനിപ്പിക്കാനോ, പരസ്പര ധാരണയോടെ ശമ്പളം വെട്ടിക്കുറക്കാനോ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കും. ഇതിനൊപ്പം, ശമ്പളത്തോടെയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും, വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കുന്നു. കോവിഡ് 19 സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിന്റെ ലക്ഷ്യം. ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ അവര്‍ക്ക് മറ്റൊരു കമ്പനിയില്‍ ജോലി തേടാനുള്ള സാവകാശം നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. മറ്റ് ജോലി കിട്ടുന്നത് വരെ താമസ സ്ഥലത്ത് തുടരാന്‍ ഇവരെ അനുവദിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഗള്‍ഫില്‍ 18 പേരാണ് ഇതുവരെ കോവിഡ് 19നെ തുടര്‍ന്ന് മരിച്ചത്. സ്‌കൂള്‍ പഠനം ജൂണ്‍ മാസം വരെ വീട്ടിലിരുന്ന് മതി എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യുഎഇ സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.