• admin

  • October 16 , 2020

ന്യൂഡൽഹി : ചൈനീസ് കമ്ബനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി വീണ്ടും ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് കമ്ബനികളുടെ എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ പൂര്‍ണമായി നിരോധിച്ചു .ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്. നിരോധിത വസ്തുക്കളുടെ പട്ടികയില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടുത്തി ഇറക്കുമതി നയം ഭേദഗതി ചെയ്തു. റഫ്രിജറന്റുകളുള്ള എയര്‍കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്യുന്നത് മാത്രമേ നിരോധിച്ചിട്ടുള്ളൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ അംഗീകാരത്തോടെയാണ് ഇറക്കുമതി നിരോധനം പുറപ്പെടുവിച്ചത്. അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് നടപടി. ഏകദേശ 500 ദശലക്ഷം ഡോളര്‍ വിലവരുന്ന എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിക്കാണ് വ്യാഴാഴ്ച രാത്രി ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ജൂലൈയില്‍ ഇന്ത്യ ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇറക്കുമതിക്കാരോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ (ഡിജിഎഫ്ടി) ലൈസന്‍സ് തേടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയര്‍കണ്ടീഷണറുകളും അതില്‍ നിറച്ച റഫ്രിജറന്റുകളുമായാണ് (എസിയില്‍ ഉപയോഗിക്കുന്ന വാതകം) വരുന്നത്. 469 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്പ്ലിറ്റ് എയര്‍കണ്ടീഷണറുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. 2020 സാമ്ബത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്ന് 241 ദശലക്ഷം ഡോളറിന്റേയും തായ്‌ലന്‍ഡില്‍ നിന്ന് 189 ദശലക്ഷം ഡോളറിന്റേയും എയര്‍ കണ്ടീഷണറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതേ കാലയളവില്‍ 35 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വിന്‍ഡോ എയര്‍കണ്ടീഷണറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ തായ്‌ലന്‍ഡില്‍ നിന്നും 18 ദശലക്ഷം ഡോളറിന്റേതും ചൈനയില്‍ നിന്ന് 14 ദശലക്ഷം ഡോളറിന്റേതും ഇറക്കുമതി ചെയ്തു.