• admin

  • September 24 , 2020

തിരുവനന്തപുരം : രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടുനിരീക്ഷണം ഫലപ്രദമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണയും കാരണം വീട്ടില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ കുടുംബാംഗങ്ങളും നാട്ടുകാരും നിര്‍ബന്ധിക്കുന്നു. ക്വാറന്റൈന്‍ കാര്യത്തിലെന്നപോലെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച്‌ ഹോം ഐസോലേഷനില്‍ കഴിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ സൗകര്യമുള്ളവരും പരമാവധി ഹോം ഐസോലേഷനില്‍ കഴിയുന്നതാണ് നല്ലത്. രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കാനും കുടുംബാന്തരീക്ഷത്തില്‍ ജാഗ്രതയോടെ കഴിയാനും സാധിക്കും. ചികിത്സാകേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമായി മാറ്റിവയ്ക്കാനുമാകും. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.