• Lisha Mary

  • March 31 , 2020

ജനീവ : കോവിഡ് മഹാമാരി ലോക സമ്പദ്വ്യവസ്ഥയില്‍ വിഘാതം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലോകം ഈ വര്‍ഷം തന്നെ മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ഇത് കാരണമാകും. ആഗോളവരുമാനത്തില്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് പ്രവചിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുക വികസ്വര രാജ്യങ്ങളെയായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതിനെ മറികടന്ന് മുന്നോട്ടുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ വാണിജ്യ ഘടകമായ യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും താമസിക്കുന്ന വികസ്വരരാജ്യങ്ങള്‍ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. ഇവരെ രക്ഷിക്കാന്‍ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. 2.5 ലക്ഷം കോടി ഡോളറിന്റെ സഹായധനം പ്രഖ്യാപിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നത്. ചരക്കു കയറ്റുമതിയെ മുഖ്യമായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. വിദേശത്ത് നിന്നുളള നിക്ഷേപത്തില്‍ 3 ലക്ഷം കോടി ഡോളറിന്റെ വരെ കുറവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. സമ്പദ്വ്യവസ്ഥ വീണ്ടെടക്കാന്‍ ചൈനയും മറ്റു വികസിത രാജ്യങ്ങളും വന്‍കിട പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ ജി 20 രാജ്യങ്ങള്‍ അതത് സമ്പദ് വ്യവസ്ഥകളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി 5 ലക്ഷം കോടി ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ലോകം മാന്ദ്യത്തിലേക്ക് നീങ്ങും. ആഗോളവരുമാനത്തില്‍ ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് വികസ്വരരാജ്യങ്ങളെയാണ്. എന്നാല്‍ ഇത് ഇന്ത്യയെയും ചൈനയെയും കാര്യമായി ബാധിക്കില്ല. എന്നാല്‍ എന്തുകൊണ്ട് ഇരുരാജ്യങ്ങളെയും ബാധിക്കുന്നില്ല എന്ന കാര്യം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.