• admin

  • February 24 , 2020

ന്യൂഡല്‍ഹി :

കോണ്‍ഗ്രസിലെ നേതൃത്വപ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ശശി തരൂര്‍. പാര്‍ട്ടി നിലകിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ ദീര്‍ഘകാല അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കണം. സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിനു നിര്‍ണായകമാണെന്നും ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു.

അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം നിലപാടു മാറ്റുന്നില്ലെങ്കില്‍, സജീവമായ പൂര്‍ണസമയ നേതൃത്വത്തെ പാര്‍ട്ടി കണ്ടെത്തണം. എന്നാലേ രാജ്യം പ്രതീക്ഷിക്കുന്നപോലെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയൂ.

ബിജെപി സര്‍ക്കാരിന്റെ വിഭജനനയങ്ങള്‍ക്കുള്ള ദേശീയബദല്‍ കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് ശക്തമായ നേതൃത്വമില്ലാതെ ഉഴറുകയാണെന്ന് ജനങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് ഡല്‍ഹിയില്‍ കണ്ടത്.

പൊതുജനത്തിന്റെ ഈ ധാരണയെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തരാവശ്യമാണ്. കോണ്‍ഗ്രസിനെ എഴുതിത്തള്ളുന്ന മാധ്യമങ്ങളുടെ മനോഭാവും മാറേണ്ടതുണ്ട്. അതിന് ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീര്‍ഘകാല നേതാവിനെ തെരഞ്ഞെടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങണം. അതിനൊപ്പം പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പു നടത്തണം അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ എപ്പോഴും പ്രത്യേക സ്ഥാനമുണ്ടാകും. പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനാകും എന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തെക്കാള്‍ മികച്ചയാളില്ലെന്ന് ഞങ്ങള്‍ പ്രവര്‍ത്തകര്‍ കരുതുന്നതും അതുകൊണ്ടാണ് തരൂര്‍ പറഞ്ഞു.

രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പ്രിയങ്കയെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ഏതു കോണ്‍ഗ്രസ് നേതാവിനും കടന്നുവരാവുന്നതാണെന്ന് തരൂര്‍ പറഞ്ഞു. പ്രിയങ്കയ്ക്ക് വ്യക്തിപ്രഭാവവും സംഘടനാ അനുഭവവുമുണ്ട്. അധ്യക്ഷസ്ഥാനത്തേക്കു വരണോയെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും തരൂര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഉചിതസമയമായെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്തും അഭിപ്രായപ്പെട്ടു .