• admin

  • February 7 , 2020

കൊല്ലം : ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഫ്‌ളാഷ് തെര്‍മോ മീറ്റര്‍ പരിശോധന ശക്തമായി. രോഗം സംശയിക്കുന്ന വ്യക്തിയുടെ നെറ്റിയുടെ നേര്‍ക്ക് പിടിച്ചാല്‍ ആ വ്യക്തിയുടെ ശരീരോഷ്മാവ് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഉപകരണമാണ് ഫ്‌ളാഷ് തെര്‍മോ മീറ്റര്‍. റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊറോണ ജാഗ്രത കോര്‍ണറിലാണ് ഫ്‌ളാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് തുടക്കമിട്ടത്. ട്രെയിന്‍ മാര്‍ഗം എത്തുന്ന വിദേശികളെ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ ഡി എം ഒയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ കോര്‍ണറില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. അതേസമയം ജില്ലയില്‍ നിന്നും പരിശോധനക്കയച്ച നാല് സാമ്പിളുകളില്‍  മൂന്ന് സാമ്പിളുകളുടയും ഫലം നെഗറ്റീവ് ആണ്. ഇന്ന് 20   പേര്‍ കൂടി  നിരീക്ഷണത്തിലായി ഇതോടെ ജില്ലയില്‍ ആകെ  243 പേര്‍ വീടുകളില്‍  നിരീക്ഷണത്തിലാണ്. നിരീക്ഷണം പൂര്‍ത്തിയാക്കിയ 26 പേര്‍  നിരീക്ഷണ പട്ടികയില്‍ നിന്നും പുറത്താവുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച  15 ടീമുകള്‍ ജില്ലയിലെ കൊറോണ വൈറസ് പ്രവര്‍ത്തനങ്ങളെ ദൈനം ദിനം വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ജില്ലാ തലത്തിലും പ്രാദേശിക  തലത്തിലും   വിവിധ  ഓഫീസുകള്‍,സ്‌കുളുകള്‍, സ്വകാര്യ ആശുപത്രികള്‍ , കോളേജുകള്‍, തുടങ്ങിയിടങ്ങളില്‍ ബോധവത്കരണ ക്‌ളാസുകളും ജാഗ്രത നിര്‍ദേശങ്ങളും നടത്തി. ഇതുവരെ  വിദ്യാര്‍ഥികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി  വിവിധ തലങ്ങളിലുള്ള   8000   ഓളം ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച് ട്രെയിനിംഗ് നല്‍കി. കൊറോണ ജാഗ്രത പ്രതിജ്ഞ  ജില്ലയിലെ വിവിധ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍  എന്നിവര്‍ പ്രത്യേക അസംബ്ലി, യോഗം  എന്നിവ ചേര്‍ന്ന്  പ്രതിജ്ഞ ചൊല്ലി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായ തരത്തിലുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ജില്ലയില്‍ പ്രചരിപ്പിക്കുന്നത് ജില്ലാ മെഡിക്കല്‍ ആഫീസറുടെ ശ്രദ്ധയില്‍പെടുകയും ഈ വിവരം സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങള്‍ കൊറോണ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും  ആരോഗ്യ വകുപ്പിന്റെ 24 മണീക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രയോജനപ്പെടുത്തണമെന്നും  ജില്ലാ മെഡിക്കല്‍ ആഫീസര്‍ വി വി ഷേര്‍ലി അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 8589015556, 7306750040, 04742794004. കൊറോണ വൈറസ്; വിദേശികളുടെ വിവരങ്ങള്‍ നല്‍കണം: ജില്ലാ കലക്ടര്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ആകറ്റ് നിലവില്‍ വന്നതിനാല്‍ ജില്ലയിലെ ഹോട്ടലുകള്‍, ആശ്രമങ്ങള്‍, മതസ്ഥാപനങ്ങളില്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിദേശികളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം അതത് സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദേശീയരെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. ഒരു മാസത്തേക്കാണ് നിയന്ത്രണം. കൊറോണ രോഗം സംശയിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണിത്. സംസ്ഥാനത്തെ കൊറോണ വിമുക്തമായി പ്രഖ്യാപിക്കുന്നതുവരെ നിരീക്ഷണം വേണ്ട വിദേശീയരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം.