• admin

  • February 27 , 2020

: തിരുവനന്തപുരം: ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൈന, ഹോങ്കോംഗ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാനാണ് തീരുമാനം.  ഈ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ ആളുകളും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസോലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.