• admin

  • January 16 , 2020

തിരുവനന്തപുരം : കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് 'മാലാഖ' എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് കേരള പൊലീസ് രൂപം നല്‍കി. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പൊലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് രണ്ടര മാസം നീളുന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അതത് ജില്ലകളിലെ പൊലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. മാര്‍ച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുളള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച 'വാവ എക്സ്പ്രസ്' എന്ന പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തും. സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, തെരുവു നാടകങ്ങള്‍, ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍, പൊലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പൊതുപരിപാടികളും ഇതോടൊപ്പം നടത്തും. കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ അവബോധം പരമാവധി ജനങ്ങളിലേക്ക് നല്‍കും.പൊലീസിന്റെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങള്‍ എത്തിക്കും. ബീറ്റ് ഓഫീസര്‍മാര്‍ വഴി പൊതുജനങ്ങളില്‍ നിന്നുളള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.