• admin

  • March 2 , 2020

പാലക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന വനിതാദിന വാരാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച പതാകനാട്ടി അവകാശ ദിനമായി ആചരിച്ചു. ജില്ലയിലുടനീളം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളും വനിതാദിന ചിന്തയും പ്രതിഫലിക്കുന്ന അവകാശ പതാക നാട്ടി. വാരാചരണത്തിന്റെ ഭാഗമായി 'ഞാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയില്‍പ്പെട്ട ആള്‍' എന്ന പ്രമേയത്തില്‍ എട്ടുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സ്ത്രീകളുടെ അന്തസ്, ആത്മാഭിമാനം, അവകാശങ്ങള്‍, സ്വാശ്രയത്വം, അതിജീവനം തുടങ്ങിയവയെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ സംവാദമുയര്‍ത്തി തുല്യതയിലധിഷ്ഠിതമായ അവബോധം രൂപപ്പെടുത്തുക എന്നതാണ് കുടുംബശ്രീ വനിതാദിനാചരണത്തിന്റെ ലക്ഷ്യം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും ചെറുത്ത് അവരുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും വനിതാ ദിനാചരണത്തിന്റെ ഭാഗമാകും.