• admin

  • February 5 , 2020

കാസര്‍കോട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീര്‍ത്തടങ്ങള്‍ക്ക് തണലേകാന്‍ മുള തൈകളെത്തും. അജാനൂര്‍, മടിക്കൈ, ഉദുമ, പള്ളിക്കര, പുല്ലൂര്‍, പെരിയ തുടങ്ങിയ പഞ്ചായത്തുകളിലെ ബാംബു നഴ്‌സറികളിലായി മുള തൈകള്‍ പരിപാലിച്ചുവരികയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ നിത്യവും ഇവയുടെ പരിചരണം ഉറപ്പുവരുത്തുന്നു. അഞ്ച് പഞ്ചായത്തുകളിലായി പത്ത് പേരാണ് മുള പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ നിര്‍മ്മിച്ച കമ്പോസ്റ്റ് പിറ്റാണ് മുള വളര്‍ത്തലിന് ഉപയോഗിച്ചിരിക്കുന്നത്. 30 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയില്‍ എല്ലാ പഞ്ചായത്തിലും ഈ തൈകള്‍ വളരുകയാണ്. നാളെ നീര്‍ തടങ്ങളുടെ കാവലാളാകാന്‍, നാടിന് തണലുവിരിക്കാന്‍, കുടിവെള്ളം സംരക്ഷിക്കാന്‍. വയനാട്ടില്‍ നിന്നും വരുത്തിയ രണ്ട് കിലോ മുള വിത്താണ് വിവിധ പഞ്ചായത്തുകള്‍ക്കായി നല്‍കിയത്. ഡിസംബര്‍ ആദ്യവാരം പാകിയ വിത്തുകളില്‍, മുളച്ച തൈകള്‍ മാറ്റി നടാനുള്ള പാകമാകുന്നതോടുകൂടി ബ്ലോക്ക് പരിധിയിലെ കുളങ്ങള്‍, തോടുകള്‍ തുടങ്ങി നീര്‍ത്തടങ്ങളുടെ അരികുകളിലെല്ലാം മുള തൈകള്‍ വെച്ചുപിടിപ്പിക്കും. കൂടാതെ പഞ്ചായത്തുകളുടെ അതിര്‍ത്തികളിലും പഞ്ചായത്ത് മതിലുകള്‍ക്ക് പകരമായും മുളതൈകള്‍ വെച്ച് പിടിപ്പിക്കാനും പദ്ധതിയുണ്ട്. വേനല്‍ കനക്കുമ്പോഴുള്ള ജലക്ഷമാത്തിന് ഒരു പരിധിവരെ ആശ്വാസമേകാന്‍ മുളതൈകള്‍ക്ക് സാധിക്കുമെന്ന ആശയത്തില്‍ നിന്നാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി നടപ്പിലാക്കുന്നതിന് വളരെ മുന്‍പേ തന്നെ കാഞ്ഞങ്ങാട് ബ്ലോക്ക് പുഴ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ 2018-19 വര്‍ഷം ബ്ലോക്കിന്റെ വിവിധ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിത്താരിപ്പുഴയെ അറിയാന്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ 2019-20 വര്‍ഷം പുഴയുടെ ഇരുവശങ്ങളിലുമായി അടിഞ്ഞ ചപ്പ് ചവറുകളും പ്ലാസ്റ്റിക്ക് മാലിന്യവും നീക്കം ചെയ്യാന്‍ ഒരു ജനകീയ യജ്ഞമായി അത് മാറി. 500 മീറ്റര്‍ ചെളി നീക്കം ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണം മഴ തുടങ്ങുന്ന ജൂണ്‍ മാസത്തില്‍ വീണ്ടും പുഴ നടത്തം സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പരിധിയിലെ പ്രധാന നീരുറവയും കുടിവെള്ള സ്രോതസുമാണ് ചിത്താരിപ്പുഴ.