• Lisha Mary

  • April 15 , 2020

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ അനിശ്വിതത്വത്തിലായി. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇനി വര്‍ഷം ഐ.പി.എല്‍ നടക്കുന്ന കാര്യം തന്നെ സംശയത്തിലായിരിക്കുകയാണ്. ടൂര്‍ണമെന്റ് തത്കാലം അനിശ്ചിതമായി നീട്ടിവയ്ക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇക്കാര്യം ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ എല്ലാ ഫ്രാഞ്ചസികളെയും ടെലിവിഷന്‍ സംപ്രേക്ഷകരേയും ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരേ ബി.സി.സി.ഐയോ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലോ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. എന്തായാലും മെയ് മൂന്ന് വരെ ഐ.പി.എല്ലിനെ കുറിച്ച് ഒരു ആലോചനയും നടത്തുന്നില്ലെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. മെയ് മൂന്നിന് ശേഷം കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചശേഷം ഐ.പി.എല്ലിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം. മുന്‍ നിശ്ചയപ്രകാരം മാര്‍ച്ച് 29നായിരുന്നു ഐ.പി.എല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോറോണ വൈറസ്ബാധ രൂക്ഷമായതോടെ ടൂര്‍ണമെന്റ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്ന ഏപ്രില്‍ പതിനഞ്ച് വരെ നീട്ടിവച്ചു. ഇതിനുശേഷമാണ് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഐ.പി.എല്ലിന്റെ നടത്തിപ്പിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതില്‍ നിന്ന് കാര്യങ്ങളില്‍ ഒട്ടും പുരോഗമിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. അതിനിടെ ടൂര്‍ണസെന്റ് നീട്ടിവയ്ക്കണമെന്ന് കിങ്സ് ഇലവന്‍ ഉടമ നെസ് വാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകം മുഴുവന്‍ മഹാമാരിക്കെതിരേ പൊരുതുമ്പോള്‍ ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ മനുഷ്യത്വരഹിതമായ നടപടിയാണെന്നും വാഡിയ പറഞ്ഞിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്താന്‍ കഴഞ്ഞില്ലെങ്കില്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താന്‍ ബി.സി.സി.ഐയ്ക്ക് നന്നായി ബുദ്ധിമുട്ടേണ്ടിവരും. മെയ്ക്കുശേഷം തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളാണ് കളിക്കാരെ കാത്തിരിക്കുന്നത് എന്നതുതന്നെ കാരണം. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ചുവരെ ബി.സി.സി.ഐയ്ക്ക് ചിന്തിക്കേണ്ടി വന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.