• Lisha Mary

  • March 27 , 2020

ന്യൂഡല്‍ഹി : കോവിഡ് 19 വ്യാപന ദുരിതത്തിനിടെ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാരിന് പുറമേ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും. മുഖ്യ പലിശനിരക്ക് കുറച്ചതിന് പുറമേ എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചു. മൂന്നു മാസത്തേയ്ക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് എല്ലാ ബാങ്കുകള്‍ക്കും ബാധകമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകളില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഒരു ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ കരുതല്‍ ധനാനുപാതം 3 ശതമാനമായി. മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷം വരെ ഇത് ബാധകമാണ്. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും കുറച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോനിരക്ക് 0.75 ശതമാനം കുറച്ചു. ഇതോടെ റിപ്പോനിരക്ക് 4.4 ശതമാനമായി. റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ക്കുളള നിക്ഷേപത്തിന് നല്‍കുന്ന നിരക്കായ റിവേഴ്സ് റിപ്പോനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 0.90 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.രാജ്യം അസാധാരണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലാണ്. അതേസമയം വളര്‍ച്ചാനിരക്ക് പ്രവചിക്കുന്നത് ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയാണ്. ആഗോളമാന്ദ്യത്തിനുളള സാധ്യതയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാനും സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഡിസംബറില്‍ ചേര്‍ന്ന പണവായ്പ നയ സമിതിയാണ് പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് മാറി നിന്നത്. അതിനിടെ, കഴിഞ്ഞ സാമ്പത്തികവര്‍ഷം അഞ്ചു തവണകളായി റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ 1.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. എന്നാല്‍ കോവിഡ് സമ്പദ് വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.