• admin

  • January 10 , 2020

: കൊച്ചി: നിര്‍ദ്ദിഷ്ട തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ സില്‍വര്‍ലൈന്‍ റെയില്‍പാത സ്വകാര്യമേഖലയ്ക്ക് സമര്‍പ്പിക്കുന്നത് മികച്ച നിക്ഷേപക അവസരങ്ങളാണെന്ന് കേരള കേരള റെയില്‍ ഡവലപ്മന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി വി അജിത് കുമാര്‍ പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2020 ആഗോള നിക്ഷേപക സംഗമത്തില്‍ 'പ്രോജക്ട് ഓണ്‍ മൊബിലിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പദ്ധതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇലക്ട്രിക്കല്‍ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതിയിലുള്ളതെന്ന് അജിത് കുമാര്‍ പറഞ്ഞു. 66405 കോടി രൂപയുടേതാണ് നിര്‍ദ്ദിഷ്ട പദ്ധതി. ഇതില്‍ വിവിധ നിര്‍മ്മാണ മേഖലകളിലായി 38000 കോടി രൂപയുടെ കരാറാണ് നല്‍കാനുദ്ദേശിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റം, റെയില്‍ കോച്ചുകള്‍, അതിവേഗ യാത്രാ-ചരക്ക് ട്രെയിനുകള്‍, ടൂറിസ്റ്റ് ട്രെയിനുകള്‍, 300 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയാണ് നിക്ഷേപത്തിനുള്ള മേഖലകള്‍. യാത്രാ ട്രെയിനുകള്‍ക്ക് പുറമെ ട്രക്കുകള്‍ കൊണ്ടു പോകുന്നതിനുള്ള റോ-റോ സംവിധാനം, സ്റ്റേഷനുകളിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള ഇ-വാഹന സംവിധാനം എന്നിവയും നിക്ഷേപ സാധ്യതയുള്ള മേഖലകളാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊച്ചു വേളിയില്‍ നിന്നു തുടങ്ങി കാസര്‍കോഡ് വരെയുള്ള 532 കിലോമീറ്ററിലാണ് അതിവേഗ പാത നിര്‍മ്മിക്കുന്നത്. നിലവില്‍ 12 മണിക്കൂറെടുക്കുന്ന ഈ യാത്ര നാലുമണിക്കൂറായി ചുരുങ്ങും. പൂര്‍ണമായും ഹരിത പദ്ധതിയായ അതിവേഗ റെയില്‍പാത വരുന്നതോടെ റോഡപകടങ്ങളും, അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയ്ക്കും.