• admin

  • January 10 , 2020

: വയനാട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്തക്കളുടെ ഒത്തുചേരലുകള്‍ ജില്ലയില്‍ ഇന്നരാംഭിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമം നടക്കുന്നത്. ബ്ലോക്ക്, നഗരസഭാതലങ്ങളില്‍ നടക്കുന്ന കുടുംബസംഗമങ്ങളില്‍ ഗുണഭോക്താക്കള്‍ക്കായി പ്രത്യേകം അദാലത്തും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 11,227 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തും. ഇതിനു മുന്നോടിയായാണ് ജില്ലകളില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഐ.ടി, ഫിഷറീസ്, വ്യവസായം, പട്ടിക ജാതി പട്ടിക വര്‍ഗ വികസനം, ക്ഷീര വികസനം, ആരോഗ്യം, റവന്യൂ, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമ വികസനം, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളും കുടുംബശ്രീ, ലീഡ് ബാങ്ക്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സ്ഥാപനങ്ങളും ഗുണഭോക്താക്കള്‍ക്കായി വിവിധ സേവനങ്ങളൊരുക്കി അദാലത്തില്‍ സജീവമാകും. വീടുകള്‍ക്കൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതോപാധികളും കണ്ടെത്തി നല്‍കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. ആക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങളും അദാലത്തില്‍ ലഭ്യമാവും. മാനന്തവാടി ബ്ലോക്കിലെ കുടുംബ സംഗമവും അദാലത്തും അമ്പുകുത്തി സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാനന്തവാടി ബ്ലോക്കില്‍ ഒന്നാം ഘട്ടത്തില്‍ 1697 വീടുകളാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ 1124 വീടുകളില്‍ 580 വീടുകള്‍ പൂര്‍ത്തിയായി. മാനന്തവാടി ബ്ലോക്കില്‍ 2277 വീടുകളാണ് ആകെ പൂര്‍ത്തികരിച്ചത്. കല്‍പ്പറ്റ നഗരസഭ കുടുംബ സംഗമം ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈദ്യൂതി മന്ത്രി എം. എം മണി നാളെ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ബ്ലോക്ക് സംഗമം ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും മാനന്തവാടി മുനിസിപ്പാലിറ്റിയുടെ സംഗമം കമ്മ്യൂണിറ്റി ഹാളിലും 13 നും തൊഴില്‍ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്കിന്റെ കുടുംബ സംഗമം 14 നു നടവയല്‍ കെ.ജെ.എസ് ഓഡിറ്റോറിയത്തിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിന്റെ സംഗമം അന്ന് എടത്തറ ഓഡിറ്റോറിയത്തിലും തുറമുഖ,പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കുടുംബസംഗമം 21 ന് നടക്കും.