• admin

  • February 26 , 2020

മനാമ :

ബഹ്റൈനില്‍ 6 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതോടെ ആകെ 23 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ വെളിപ്പെടുത്തി. ഇറാനില്‍ നിന്നു ഷാര്‍ജ വഴി ബഹ്റൈനിലെത്തിയതായിരുന്നു ഇവര്‍. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെടെയുള്ള ഈ 6 പേരെ സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം ആവര്‍ത്തിച്ചു. 

ഇതിനിടെ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലത്തേക്കു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റിവെച്ചതായും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.