• admin

  • February 5 , 2020

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നല്‍കിയ നടപടിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ വൈകും. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ശിക്ഷ ഒരുമിച്ച് നടത്തണമെന്നാണ് അഭിപ്രായമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കേസിലെ ഒരു പ്രതി തിരുത്തല്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. വിചാരണ കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കാനില്ലെന്നും ഡല്‍ഹി കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കെയ്ത്ത് വ്യക്തമാക്കി. എല്ലാ പ്രതികളും ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഏഴ് ദിവസത്തിനകം എല്ലാ നിയമനടപടികളും സ്വീകരിക്കണം. അതിന് ശേഷം അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും ഡല്‍ഹി കോടതി വ്യക്തമാക്കി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിടുകയായിരുന്നു.ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാരും തീഹാര്‍ ജയില്‍ അധികൃതരും ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. പവന്‍ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകന്‍ എ.പി.സിങ്ങാണ് അക്ഷയ്കുമാര്‍, പവന്‍ ഗുപ്ത, വിനയ്കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണ്‍ മുകേഷ് കുമാറിനു വേണ്ടി ഹാജരായി.