• admin

  • February 26 , 2020

മുംബൈ :

നിരക്കുകൂട്ടിയത് ടെലികോം കമ്പനികളുടെ വരുമാനം ഉയര്‍ത്തിയെങ്കിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയതായി ട്രായ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2016ല്‍ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ പ്രതിമാസം വരിക്കാരുടെ എണ്ണത്തില്‍ ശരാശരിയുണ്ടായിരുന്ന വര്‍ധന 80 ലക്ഷമായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന നിലവില്‍വന്ന ഡിസംബറില്‍ പുതിയതായി ചേര്‍ന്നതാകട്ടെ, 82,308 പേര്‍ മാത്രമാണ്. 

ഭാരതി എയര്‍ടെല്ലിന് 11,050 വരിക്കാരെ നഷ്ടമായി. വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം വന്‍തോതില്‍ കുറയുകയാണ്. ഡിസംബറില്‍മാത്രം 36 ലക്ഷം ഉപഭോക്താക്കള്‍ വൊഡാഫോണിനെ ഉപേക്ഷിച്ചു. 

നിരക്ക് വര്‍ധന പ്രാബല്യത്തില്‍വന്നതോടെ കഴിഞ്ഞവര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മാസംതോറും വരിക്കാരുടെ എണ്ണം കുറയുകയാണ്. മെട്രോ നഗരങ്ങളില്‍മാത്രമാണ് നേരിയ വര്‍ധനവുള്ളത്.

കഴിഞ്ഞ ഒക്ടോബറിലാണ് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ജിയോ നിരക്ക് ഏര്‍പ്പെടുത്തിയത്. അതിനുശേഷം പുതിയതായി ചേരുന്ന വരിക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ റിലയന്‍സ് ജിയോയാണ് വരിക്കാരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. 28.89 ശതമാനംവിഹിതവുമായി വൊഡാഫോണ്‍ ഐഡിയയും 28.43 ശതമാനം വിഹിതവുമായി ഭാരതി എയര്‍ടെല്ലും തൊട്ടുപിന്നിലുണ്ട്. 10.26ശതമാനം വിപണി പങ്കാളിത്തവുമായി ബിഎസ്എന്‍എല്‍ നാലാംസ്ഥാനത്തുമാണ്.