• admin

  • February 26 , 2020

തിരുവനന്തപുരം : :

പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്എപി ക്യാമ്പിലെ എസ്‌ഐയെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ കെയ്‌സുകള്‍ ഉണ്ടാക്കിവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കേസില്‍ 11 പേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഒരാളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലെയും വൈരുധ്യം കണക്കിലെടുത്ത് വെടിയുണ്ടകളുടെ എണ്ണം സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പില്‍ നിന്ന് നല്‍കിയിട്ടുള്ള തിരകള്‍ സംബന്ധിച്ച് നേരിട്ട് പരിശോധിക്കാനാണ് തീരുമാനം.

വ്യാജമായി നിര്‍മിച്ച മുന്നൂറ്റിയമ്പത് വ്യാജ കെയ്‌സുകളാണ് തിരുവനന്തപുരം എസ്എപി ക്യാംപിലെ ഓഫീസില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്. വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്താനായി വ്യാജമായി നിര്‍മിച്ച് വച്ചതെന്ന് കരുതുന്ന 350 ഡമ്മി കെയ്‌സുകളാണ് ക്യാംപിലെ സ്‌റ്റോറില്‍ നിന്ന് പിടിച്ചെടുത്തത്. ഇവ സിഎജി പരിശോധനയിലും കണ്ടെത്തിയിരുന്നു.

വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി നിര്‍മിച്ചതെന്ന് കരുതുന്ന പിച്ചള മുദ്രയും പിടിച്ചെടുത്തു. പന്തീരായിരത്തിലേറെ വെടിയുണ്ടകള്‍ കാണാതായെന്ന കേസിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘം പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത പിച്ചള മുദ്രയും കെയ്‌സും ഫൊറന്‍സിക് ലാബിലയച്ച് പരിശോധിക്കും. ഏത് കാലഘട്ടത്തിലാണ് മുദ്രനിര്‍മിച്ചതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

കമാന്‍ഡന്റിന്റെ ഓഫീസിലെ പോഡിയത്തില്‍ നിന്നാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്ന പിച്ചളയില്‍ നിര്‍മിച്ച പൊലീസ് മുദ്ര കണ്ടെടുത്തത്. വെടിവയ്ക്കുമ്പോള്‍ വെടിയുണ്ടയ്ക്ക് പിന്നാലെ തെറിച്ച് വീഴുന്ന പുറംചട്ട ഉരുക്കിയാണ് ഇവ നിര്‍മിച്ചതെന്നാണ് സംശയം. രണ്ടരക്കിലോ വരുന്ന മുദ്ര നിര്‍മിക്കാന്‍ അഞ്ഞൂറ് വെടിയുണ്ടയുടെ പുറംചട്ടയെങ്കിലും ഉരുക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.