• admin

  • February 24 , 2020

കോഴിക്കോട് : പ്രാഥമിക തൊഴിലുകള്‍ അടിസ്ഥാനമാക്കി ഭാവിയിലേക്കുള്ള നൈപുണ്യശേഷി യുവാക്കള്‍ കരസ്ഥമാക്കണമെന്ന് ഇന്ത്യ സ്‌കില്‍ കേരള 2020 ലെ ഓപ്പണ്‍ ഫോറത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നഗരവത്കരണം ദ്രുതഗതിയില്‍ നടക്കുമ്പോഴും ഗ്രാമീണ മേഖലയില്‍ ഇനിയും ഉപയോഗപ്പെടുത്താത്ത വിപണികളുണ്ട്. ഇവയെ കണ്ടെത്തുന്നതിലൂടെ വലിയ സാധ്യതകളാണ് തൊഴിലന്വേഷകരുടെ മുന്നില്‍ തെളിയുന്നതെന്ന് പ്രാദേശികവും ദേശീയവുമായ തലത്തില്‍ ഉയര്‍ന്ന് വരുന്ന തൊഴില്‍ മേഖലകളില്‍ നൈപുണ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വ്യക്തിത്വ വികാസ സംരംഭമായ സോഷ്യോയയുടെ സ്ഥാപക ഡയറക്ടര്‍ അപര്‍ണ വിശ്വനാഥന്‍ മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍, കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) മാനേജിംഗ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍, ഹാബിറ്റാറ്റ് ടെക്‌നോളജിയിലെ പി പി മധുസൂദനന്‍, യുഎല്‍ എജ്യൂക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. ടി പി സേതുമാധവന്‍, അസാപ് ഡയറക്ടര്‍ അനില്‍കുമാര്‍ ടി വി, കേരള പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പി പി ജതിന്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ രാജി ആര്‍ എന്നിവരാണ് പങ്കെടുത്തത്. നൈപുണ്യശേഷിയുള്ളവരുടെ ആവശ്യകത ഇന്ന് വര്‍ധിച്ചുവരുകയാണെന്ന് കെയ്‌സ് എംഡി എസ് ചന്ദ്രശേഖര്‍ പറഞ്ഞു. സംരംഭകര്‍ വേണ്ടത്ര മികവുള്ള തൊഴിലാളികളെ തിരയാറുണ്ടെങ്കിലും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും നിര്‍മ്മിത ബുദ്ധിയുമൊക്കെ കടന്നു വരുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ നൈപുണ്യത്തില്‍ മാറ്റം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിക്കടി വന്നു കൊണ്ടിരിക്കുന്ന അവസരങ്ങളെക്കുറിച്ച് ശരിയായ അവഗാഹവും ധാരണയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് രാജി ആര്‍ പറഞ്ഞു. അതിനായി ബുദ്ധിപൂര്‍വമായി സാങ്കേതികവിദ്യയെ ഉപയോഗിക്കണം. നൈപുണ്യശേഷി വര്‍ധിപ്പിക്കുന്നതിന് പ്രാഥമിക പരിശീലനം വളരെ അത്യാവശ്യമാണെന്ന് അനില്‍കുമാര്‍ ടി വി പറഞ്ഞു. നൈപുണ്യ ശേഷിയില്‍ ആവര്‍ത്തനമുണ്ടാകാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണണെന്ന് ജതിന്‍ പിപി പറഞ്ഞു. ഭാവിയില്‍ സാധ്യതയില്ലാത്ത തൊഴില്‍ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് അവരുടെ സമ്മര്‍ദ്ദം കൂട്ടുമെന്ന് ഡോ. ടി പി സേതുമാധവന്‍ അഭിപ്രായപ്പെട്ടു. വികാസം, തുല്യത, മികവ്, തൊഴിലവസരം എന്നിവയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ഗ്ഗാത്മകതയാണ് ഇന്നത്തെ ഉദ്യോഗാര്‍ത്ഥികളില്‍ കാണാത്ത കാര്യമെന്ന് ഡോ. മനോജ് കുമാര്‍ പറഞ്ഞു. നടക്കാത്ത സ്വപ്നങ്ങളുടെ സമ്മര്‍ദ്ദം ചെലുത്തി സര്‍ഗ്ഗാത്മകതയെ തളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൈപുണ്യശേഷിയില്‍ നിരന്തരമായ മികവ് നേടുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതെന്ന് പി പി മധുസൂദനന്‍ പറഞ്ഞു. കൈത്തൊഴില്‍ പഠിക്കുന്നത് അഭിമാനക്ഷതമെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന യാഥാര്‍ത്ഥ്യം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാവി നൈപുണ്യം ഐടി മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 2020 മുതല്‍ കോഡിംഗ് സ്‌കില്‍സിനെ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണമെന്നും പാനല്‍ ചൂണ്ടിക്കാട്ടി.