• admin

  • February 26 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 50 പോലീസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരില്‍ വലിയൊരു പങ്കിനും ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്‌.

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അര്‍ധരാത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി ആഭ്യന്ത മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നതതല യോഗം അദ്ദേഹം വിളിച്ച് ചേര്‍ക്കുകയുണ്ടായി.

തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്തുന്നതിന് മണിക്കൂറുകള്‍ക്കുമാത്രം മുമ്പ്, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം ചൊവ്വാഴ്ച കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പോലീസ് പുറപ്പെടുവിച്ചു.

മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ഷത്തില്‍ കുട്ടികളടക്കം നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24ഃ7 ന്യൂസ് റിപ്പോര്‍ട്ടര്‍ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. എന്‍.ഡി.ടി.വി.യുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു.

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചുവരുകയാണെന്ന് ജോയന്റ് പോലീസ് കമ്മിഷണര്‍ അലോക് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹി പോലീസിലെ ആയിരം പേര്‍ക്കു പുറമേ അര്‍ധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു. മൂന്നു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ, ഡല്‍ഹിയില്‍ ക്രമസമാധാനച്ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.എന്‍. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫില്‍ നിന്നാണ് അദ്ദേഹത്തെ ഡല്‍ഹി പോലീസിലേക്ക് മാറ്റിയത്. അടിയന്തരമായി ചുമതലയേല്‍ക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിഷണര്‍ അമൂല്യ പട്‌നായിക് ശനിയാഴ്ച വിരമിക്കുമ്പോള്‍ ശ്രീവാസ്തവ ഡല്‍ഹി പോലീസിന്റെ തലപ്പത്തെത്തിയേക്കും.