• Lisha Mary

  • March 14 , 2020

വാഷിങ്ങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കും. ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. 'വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. അതേസമയം, ഫ്ളോറിഡയിലെ റിസോര്‍ട്ടില്‍ അദ്ദേഹത്തെ അനുഗമിച്ചത് കൊണ്ടല്ല, എന്തായാലും ഈ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബ്രസീല്‍ പ്രധാനമന്ത്രി ജൈര്‍ ബൊല്‍സൊനാരോയുടെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം ഫ്ളോറിഡയിലെ റിസോര്‍ട്ടിലാണ് ഇവര്‍ ഒരുമിച്ച് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് 41 പേരാണ് മരിച്ചത്. 2000ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.