• admin

  • January 9 , 2020

: കാസര്‍കോട്: കാഞ്ഞങ്ങാട് കാസര്‍കോട് കെഎസ്ടിപി സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലത്തിന്റെ അറ്റകുറ്റപ്പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ യാത്രാപ്രശ്നം പെട്ടെന്ന് പരിഹരിക്കുന്നതിനായി രാത്രി പത്തുവരെ പ്രവൃത്തി നടക്കുന്നുണ്ട്. പാലത്തില്‍ വിള്ളലുണ്ടായ ഭാഗം പൊട്ടിച്ച് മാറ്റിക്കഴിഞ്ഞു. ഇത്തരത്തില്‍ എട്ട് ജോയിന്റാണുള്ളത്. ഇതില്‍ നാല് എണ്ണത്തിന്റെ ഫാബ്രിക്കേഷന്‍ ജോലി പൂര്‍ത്തിയായി. അവശേഷിക്കുന്നവ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കരാര്‍ ഏറ്റെടുത്ത എറണാകുളം പത്മജ സ്പെഷ്യാലിറ്റീസ് പ്രോജക്ട് മാനേജര്‍ സെനിത്ത് മനാരി പറഞ്ഞു. ഫാബ്രിക്കേഷന്‍ പൂര്‍ത്തിയായ ഭാഗത്തെ കോണ്‍ക്രീറ്റ് ജോലി ഇന്ന് നടക്കും. ശേഷം കൈവരികള്‍ നന്നാക്കും. ഗതാഗതത്തിന് റോഡ് തുറന്നുകൊടുത്ത ശേഷവും അത് ചെയ്യാനാവുമെന്നതിനാല്‍ ഒരാഴ്ചക്കുള്ളില്‍ ഇതുവഴിയുള്ള ഗതാഗതനിരോധനം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. സ്പാനുകള്‍ക്കിടയിലെ വിള്ളല്‍ കൂടുന്നതിനാലും കാലപ്പഴക്കം കാരണം പാലത്തിന് ബലക്ഷയമുണ്ടായതിനാലുമാണ് അടിയന്തര അറ്റകുറ്റപ്പണി വേണ്ടിവന്നത്. ഭാരംകൂടിയ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും ബലക്ഷയത്തിന് കാരണമായി. ചന്ദ്രഗിരി പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ബേക്കല്‍ പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. പാലം പണി ആരംഭിച്ചതോടെ, കാഞ്ഞങ്ങാടു നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലത്തിന് സമീപം വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ്സുകളും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകളും ചട്ടഞ്ചാല്‍ ദേശീയപാത വഴിയാണ് ഓടുന്നത്. ദേശീയപാതയിലെ നായന്മാര്‍മൂല മുതല്‍ അണങ്കൂര്‍ വരെയുള്ള പ്രദേശത്ത് രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.