• Lisha Mary

  • March 18 , 2020

കാസര്‍ഗോഡ് : കൊറോണ വൈറസ് വ്യാപനം മൂലം ജില്ലയില്‍ നേരിടുന്ന മാസ്‌കുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കുടുംബശ്രീയും മുന്നോട്ട് വരുന്നു. ഇതിനായി ജില്ലയിലുടനീളം കുടുംബശ്രിയുടെ ആഭിമുഖ്യത്തില്‍ കോട്ടണ്‍ മാസ്‌കുകള്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മാണം ആരംഭിച്ചു. 22 യൂണിറ്റുകളാണ് നിലവില്‍ കോട്ടണ്‍ മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഒരു യൂണിറ്റില്‍ നിന്ന് 450 മുതല്‍ 500 വരെ മാസ്‌കുകളാണ് ദിവസവും ഉത്പാദിക്കുക. രണ്ട് ലെയര്‍, മൂന്ന് ലെയര്‍ എന്നിങ്ങനെ രണ്ട് തരം മാസ്‌കുകളാണ് നിര്‍മിക്കുന്നത്. 15 രൂപ, 20 രൂപ ഈടാക്കിയാണ് ഇവ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കുകയാണെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള കുടുംബശ്രീ ഓഫീസുകളില്‍ ആരംഭിക്കുന്ന കൗണ്ടറില്‍ നിന്നും ജനങ്ങള്‍ക്ക് ഇത് വാങ്ങാം. കളക്ടറേറ്റിലും മാസ്‌കുകള്‍ ലഭ്യമാണ്. 40 രൂപയ്ക്ക് ഹാന്‍ഡ് വാഷ് മാസ്‌കുകള്‍ക്ക് പുറമേ ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 200 മില്ലീ ലിറ്റര്‍ ഹാന്‍ഡ് വാഷിന് 40 രൂപയും 200 മില്ലീ ലിറ്റര്‍ സാനിറ്റൈസറിന് 135 രൂപയുമാണ് വിലയീടാക്കുക. നിലവില്‍ ചെങ്കള, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ കുടുംബശ്രീ സംരഭകരാണ് ഉത്പാദനം നടത്തുന്നത്. ഇത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.