• Lisha Mary

  • March 10 , 2020

കല്‍പ്പറ്റ : ജില്ലയില്‍ അഞ്ച് പേരെ കൂടി കൊറോണ നിരീക്ഷണത്തിലാക്കി. മലേഷ്യയില്‍ നിന്ന് വന്ന മൂന്ന് പേരും സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോ ആള്‍ വീതവും ആണ് നിരീക്ഷണത്തില്‍ ഉളത്. നിലവില്‍ 20 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 10 സാമ്പിളുകള്‍ അയച്ചതില്‍ ഏഴ് പേരുടെ ഫലം നെഗറ്റീവ് ആണ്. മൂന്നുപേരുടെ ഫലം ലഭിക്കാനുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും ഫോണ്‍വഴി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം ജില്ലയില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിലെ റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടല്‍, സര്‍വീസ് വില്ല എന്നിവിടങ്ങളില്‍ താമസിക്കുന്ന വിദേശ സഞ്ചാരികളുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പ്രത്യേകിച്ച് ചൈന, ഹോംകോങ്, തായ്ലാന്റ്, സിംഗപ്പൂര്‍, ജപ്പാന്‍ സൗത്ത് കൊറിയ, വിയറ്റ്നാം, ഇന്തോനേഷ്യ, നേപ്പാള്‍, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ ചെക്ക് ഇന്‍ ചെയ്ത ഉടന്‍ തന്നെ 1056, 04712552056, 04936202134, 94460 12134, 04936206 606, 206 605 എന്നീ നമ്പറുകളിലും mailinfo@dtpcwayanad.com എന്നിവിടങ്ങളിലും അറിയിക്കണം. തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രങ്ങളിലും വിവരങ്ങള്‍ അറിയിക്കാം. ആശങ്കകള്‍ ഒഴിവാക്കി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.