• Lisha Mary

  • March 9 , 2020

കോഴിക്കോട് : കുടുംബശ്രീ യൂണിറ്റുകള്‍ വഴി എല്ലാ പഞ്ചായത്തിലും ഭക്ഷണവിതരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലയെ പ്രളയമുക്തമാക്കാന്‍ ലക്ഷ്യമിടുന്ന ധനുഷ്‌സമൃദ്ധിയുടെ ഭാഗമായ പ്രാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനങ്ങാട് പഞ്ചായത്തിലെ തലങ്ങാട് ചീടിക്കുഴിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യധാന്യം സബ്‌സിഡി നിരക്കില്‍ നല്‍കും. സ്ത്രീകള്‍ സന്നദ്ധരാണെങ്കില്‍ അവര്‍ക്ക് രാത്രികാലങ്ങളില്‍ ജോലിചെയ്യുന്നതിനുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നാടിന്റെ വികസനം വലിയ തോതില്‍ പുരോഗമിക്കുകയാണ്. ഗ്രാമീണ റോഡുകള്‍, കൃഷി, മറ്റു വികസന പ്രവര്‍ത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി മാറ്റി തൊഴിലാളികളുടെ വലിയ സേവനം ഈ രംഗത്ത് ലഭിക്കുന്നുണ്ട്. തൊഴിലുറപ്പ് കൂലിയും തൊഴില്‍ ദിനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജലസേചനം, തദ്ദേശസ്വയം ഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ധനുഷ്‌സമൃദ്ധി. പുഴകളുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ ചെളിയും മാലിന്യവും പൂര്‍ണമായും നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം അവയുടെ തീരം സൗന്ദര്യവല്‍ക്കരിച്ച് സംരക്ഷിക്കാനുള്ള ബൃഹദ് പരിപാടിയാണിത്.