• admin

  • January 24 , 2020

കാസര്‍കോട് : കേള്‍വി വൈകല്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന്റെ മുമ്പു തന്നെ കേള്‍വിക്കുറവ് തിരിച്ചറിഞ്ഞ് സംസാര വൈകല്യ മില്ലാതാക്കാനുള്ള പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ജില്ലാ കളക്ടര്‍  ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീ ഡിസെര്‍വ് പദ്ധതി യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണ കൂടം നേതൃത്വം നല്‍കുന്ന വീ ഡിസേര്‍വ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് സര്‍ക്കാരിന്റെ അനുയാത്ര, കാതോരം പദ്ധതികളുമായി സഹകരിച്ച് പുതിയ പദ്ധതി ആരംഭിക്കുക. ജില്ലയിലെ ആറു വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കേള്‍വിക്കുറവും അനുബന്ധ പ്രശ്‌നങ്ങളും പരിശോധിച്ച് ആവശ്യമായ ശ്രവണ സഹായ ഉപകരണവും ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും ലഭ്യമാക്കുന്നതാണ്  പദ്ധതി. ജില്ലയിലെ നവജാത ശിശുക്കള്‍ക്ക് ബധിരത പരിശോധന നിര്‍ബന്ധമാക്കും. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നവജാത ശിശുക്കളുടെ കേള്‍വിക്കുറവ് തുടക്കത്തിലേ  പരിഹരിക്കുന്നതിനുള്ള ആധുനിക പരിശോധന സംവിധാനം ഒരുക്കും. ഹൈ റിസ്‌ക് രജിസ്റ്റര്‍ വിഭാഗത്തിലുള്ള കുട്ടികളെ ചെര്‍ക്കള മാര്‍ത്തോമ്മ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിനായി  ബെറ (ബ്രയിന്‍ സ്റ്റം  ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിശോധന നടത്തുക. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍  ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ബധിരതാ പരിശോധന നിര്‍ബന്ധമാക്കും. ഇതിനുള്ള സംവിധാനം എല്ലാ സര്‍ക്കാര്‍  ആശുപത്രികളിലും എര്‍പ്പെടുത്തും. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ശ്രവണ പരിശോധന ഉറപ്പാക്കും. ഇതിനുള്ള സംവിധാനം ഇല്ലാത്ത ആശുപത്രിയാണെങ്കില്‍ ആ വിവരം മദര്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡില്‍(എം.സി.പി.സി)  രേഖപ്പെടുത്തി ശ്രവണ പരിശോധന സംവിധാനമുള്ള ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കണം. ജില്ലയില്‍ നവജാത ശിശുക്കളുടെ കേള്‍വി ശക്തി പരിശോധനയ്ക്ക് ഒ.എ.ഇ മെഷീന്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്. ആശുപത്രികളില്‍  ശ്രവണ പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളും ഉപയോഗപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനക്കായെത്തുന്ന കുട്ടികളില്‍ ശ്രവണ വൈകല്യം കണ്ടെത്തുകയാണെങ്കില്‍ അവരെ വിദഗ്ധ ചികിത്സക്ക് അയക്കും.   കുട്ടികളില്‍ കേള്‍വിക്കുറവ് ശ്രദ്ധയില്‍പെട്ടാല്‍ ആ വിവരം  ആശുപത്രികളില്‍ അറിയിക്കാന്‍ ആശ വര്‍ക്കര്‍മാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കും. ഗവേഷണ സംഘം രൂപീകരിക്കും ശ്രവണ വൈകല്യ തോത് നിര്‍ണ്ണയിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ മാര്‍ത്തോമ്മ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനിലെ സ്പീച്ച് തെറാപ്പി വിഭാഗം മേധാവിയായ ഗ്രേസ് സാറാ എബ്രഹാമിന്റെ നേതൃത്ത്വത്തില്‍ ഗവേഷണ സംഘം രൂപീകരിക്കും. ഈ സംഘത്തില്‍ ശിശുരോഗ- ഇ എന്‍ ടി വിദഗ്ദര്‍, ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിംഗ് അസോസിയേഷന്‍,  എന്‍ എച്ച് എമ്മിന്റെ എന്‍.പി.പി.സി.ഡി (നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് ഡെഫ്‌നെസ് ) പ്രതിനിധികള്‍  ഉണ്ടാകും.