• Lisha Mary

  • March 23 , 2020

റോം : ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കടന്നു. ഇറ്റലിയില്‍ 24 മണിക്കൂറില്‍ 651 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5476 ആയി ഉയര്‍ന്നു. ഒറ്റ ദിവസംകൊണ്ട് ഇറ്റലിയില്‍ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,35,403. അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കോവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചു. അതിനിടെ ലോകരാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. സൗദിയില്‍ 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.