• admin

  • January 23 , 2020

പത്തനംതിട്ട : ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്രക്കാനം പൊതു സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല വോളിബോള്‍ മത്സരം വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കരയിലെ പ്രക്കാനത്തുതന്നെ ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് എം.എല്‍.എ ചടങ്ങില്‍ പറഞ്ഞു.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ലാബ് സൗകര്യം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ശരിയായ വ്യായാമം, നല്ല ഭക്ഷണം എന്നിവയില്‍ ശ്രദ്ധചെലുത്തിയുള്ള ചിട്ടയായ ജീവിതം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി ടീമും പ്രക്കാനം വോളീബോള്‍ അക്കാഡമി ടീമും തമ്മില്‍ പ്രദര്‍ശന മത്സരം നടത്തി. ജില്ലയിലെ റവന്യൂ ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പും ആര്‍ദ്രം സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.