• admin

  • February 12 , 2020

തിരുവനന്തപുരം :

സംസ്ഥാന പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി കണ്ടെത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെടിക്കോപ്പുകള്‍ കാണാതായതിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്നും പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹറയെ മാറ്റിനിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഗുരുതരമായ ക്രമക്കേടുകളാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണം. വിജിലന്‍സ് അന്വേഷണത്തിലുടെ സത്യം പുറത്തുവരില്ല. വെടിക്കോപ്പുകള്‍ കാണാതായതിനു പിന്നില്‍ ഗുരുതര വീഴ്ചയുണ്ട്. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി സംശയിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  അതീവ ഗൗരവ സ്വഭാവമുള്ള കാര്യമാണിത്. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാ പ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്നാണ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം ഡമ്മി വെടിയുണ്ടകള്‍ വച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനുളള തുക ഡിജിപി ലോക്‌നാഥ് ബെഹ്‌റ വകമാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.