ബംഗളൂരു : കർണാടകയിലെ മലയാളികളുടെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ ബംഗളൂരുവിലെ ചന്താപുരയിൽ രൂപീകരിച്ചു.സെന്റ് തോമസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനുമായ ഷൈൻ കെ. ആന്റണിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.ജോബിൽ വർഗീസ്,ഹിമേഷ് ഹരിദാസൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സജു കെ.എൻ.സെക്രട്ടറിയുമായി.സാലി പി.എസ്,ജോഷി സി.ജെ.എന്നിവർ ജോയിന്റ് സെക്രട്ടറിമാരും രവീന്ദ്രനാഥ് ട്രഷററുമായി.ബിനു തോമസ്,ശങ്കർ കുമാർ എന്നിവർ ജോയിന്റ് ട്രഷറർമാരും അനിൽകുമാർ കെ.എം.കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു.ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യക്ഷേമത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന സംഘടനയുടെ ആദ്യ പ്രവർത്തനങ്ങളിൽ തന്നെ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന രണ്ട് കുട്ടികളുടെ തുടർപഠനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിലൊന്നായ ചന്താപുരയിൽ തന്നെ അസോസിയേഷൻ രൂപീകരിച്ചത് മലയാളികൾക്ക് ഏറെ ഗുണപ്രദമാകുമെന്ന് പ്രസിഡന്റ് ഷൈൻ കെ.ആന്റണി പറഞ്ഞു.വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മലയാളികളുടെ ക്ഷേമത്തിനും ഊന്നൽ നൽകി സംഘടന പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകയിലെ മലയാളികളുടെ ജീവിതം കൂടുതൽ അനായാസമാക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനും സംഘടന പ്രവർത്തിക്കുമെന്ന് സെക്രട്ടറി സജു കെ.എൻ. പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തനിമ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ജീവകാരുണ്യ-സാമൂഹ്യക്ഷേമ മേഖലയിൽ പുതിയൊരു അധ്യായം തുറക്കാനും അസോസിയേഷന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
