കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം,19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം,19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

തിരുവനന്തപുരം : പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്.കുട്ടികൾക്ക് സുരക്ഷിതമായി വാക്സിൻ എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ പ്രവർത്തിക്കും.സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ,സ്കൂളുകൾ,വായനശാലകൾ എന്നിവ ഇതിനായി ഉപയോഗിക്കും.പ്രത്യേക പരിശീലനം ലഭിച്ച 46,663 സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ,ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലായി 539 ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും.അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ,ദുർഘട പ്രദേശങ്ങൾ,ഉത്സവമേളകൾ എന്നിവ കേന്ദ്രീകരിച്ച് 283 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.

ഞായറാഴ്ച പൾസ് പോളിയോ ബൂത്തുകളിൽ എത്തിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകും.വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഐഎൽആർ,ഡീപ് ഫ്രീസർ, കോൾഡ് ബോക്സ് തുടങ്ങിയ ശീതീകരണ സംവിധാനങ്ങളെല്ലാം പൂർണ്ണ സജ്ജമാണ്. ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്,വനിതാ-ശിശു വികസന വകുപ്പ്,കുടുംബശ്രീ,റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ വിവിധ സർക്കാർ-സന്നദ്ധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മഹായജ്ഞം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *