ന്യൂഡല്‍ഹി : പശ്ചിമേഷ്യൻ സംഘർഷത്തിനെത്തുടർന്ന് രാജ്യത്ത് എല്‍പിജി പ്രതിസന്ധി തുടരുന്നതിനിടെ മറ്റൊരു ലോക്ക്ഡൗണിലേക്ക് രാജ്യം കടക്കുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി കേന്ദ്ര സർക്കാർ.ലോക്ക്ഡൗണ്‍ നിർദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചു.പൗരന്മാർ ശാന്തരായിരിക്കണമെന്നും കിംവദന്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പുരി അഭ്യർഥിച്ചു.
എല്‍പിജി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്ബൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ പദ്ധതിയില്ല. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ പൂർണമായും തെറ്റാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.അത്തരം സമയങ്ങളില്‍ എല്ലാവരും ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂർണമായും തെറ്റാണ്.ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയില്‍ അത്തരമൊരു നിർദേശമൊന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പൗരന്മാർക്ക് ആവശ്യമായ ഇന്ധനം തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ കേന്ദ്രം പൂർണമായും തയ്യാറാണ്.ആഗോള അനിശ്ചിതത്വങ്ങളെ നേരിടുന്നതില്‍ ഇന്ത്യ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്.സമയബന്ധിതമായി മുൻകൈയെടുത്ത് ഏകോപിപ്പിച്ച് പ്രവർത്തിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ നിരുത്തരവാദപരവും ദോഷകരവുമാണെന്ന് ഹർദിപ് സിങ് പുരി പറഞ്ഞു.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രധാനമന്ത്രി മോദി അടുത്തിടെ പാർലമെൻ്റില്‍ നടത്തിയ പ്രസംഗമാണ് സമ്ബൂർണ ലോക്ക്ഡൗണ്‍ എന്ന ആശയക്കുഴപ്പം ശക്തമാക്കിയത്. മോദി നടത്തിയ പാർലമെന്റ് പ്രസംഗത്തില്‍ “തയ്യാറെടുപ്പ്” എന്ന പരാമർശം നടത്തിയതിനെ തുടർന്നാണ് പൂർണ ലോക്ക്ഡൗണിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉടലെടുത്തത്.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെത്തുടർന്ന് രാജ്യത്ത് എല്‍പിജി പ്രതിസന്ധി ശക്തമായി തുടരുകയാണ്.എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ പെട്രോള്‍ – ഡീസല്‍ ലഭ്യതയില്‍ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകള്‍ പ്രചരിച്ചതോടെ പെട്രോള്‍ പമ്ബുകളില്‍ തിരക്ക് വർധിച്ചു.ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണിനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയർന്നത്. ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കാൻ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നുണ്ട്.
