സുൽത്താൻ ബത്തേരി : ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ സുൽത്താൻബത്തേരിയിൽ നടന്നു.കെ.പി.സി.സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കുമെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, കോടിക്കണക്കിന് അഴിമതിപ്പണം സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ ഭരിക്കുന്ന മോദിയും ഇതേ രീതിയിലുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.യു.ഡി.എഫിന്റെ ശക്തി ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്ന നിലയിൽ ബത്തേരി വോട്ടർമാർക്ക് സുപരിചിതനാണെന്നും, അദ്ദേഹത്തെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന് കരുത്ത് പകരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ഡി.പി രാജശേഖരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ടി.ജെ ഐസക്,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ,കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.
