ഇന്ത്യയില്‍ കൊടുംചൂടും അസാധാരണ മണ്‍സൂണും; ഭൂമി എല്‍ നിനോ പ്രതിഭാസത്തിലേക്കു കടക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി : ഭൂമി സമീപ ദശകങ്ങളില്‍ കണ്ടതില്‍ ഏറ്റവും തീവ്രമായ എല്‍ നിനോ പ്രതിഭാസത്തിലേക്കു കടക്കുകയാണെന്നു കാലാവസ്ഥാ വിദഗ്ധര്‍.ഈ വര്‍ഷം പകുതിയോടെയാകും ഇതു രൂപപ്പെടുക. ആഗോള തലത്തില്‍ കാലാവസ്ഥാ രീതികളെ മാറ്റിമറിക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ കൊടുംചൂടും അസാധാരണ മണ്‍സൂണും സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.വരാനിരിക്കുന്നതു സൂപ്പര്‍ എല്‍നിനോ എന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫൊര്‍ മീഡിയം റെയ്ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ് നല്‍കുന്ന പുതിയ വിവരങ്ങള്‍.സമുദ്രത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ഇതുസംബന്ധിച്ച സൂചകങ്ങള്‍ ജൂണില്‍ സംയോജിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.മധ്യ,പൂര്‍വ പസഫിക്കില്‍ സമുദ്രോപരിതല താപനില പതിവിലും ഉയരുന്നതു മൂലമുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ.

സാധാരണ ഗതിയില്‍,ഉഷ്ണക്കാറ്റുകള്‍ പസഫിക് സമുദ്രത്തിലെ ചൂടുവെള്ളത്തെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും തള്ളിവിടുന്നു; ഈ സമയത്ത് തെക്കേ അമേരിക്കയുടെ തീരങ്ങളില്‍ തണുത്ത വെള്ളം മുകളിലേക്ക് ഉയരും.എന്നാല്‍ എല്‍ നിനോ പ്രതിഭാസമുണ്ടാകുമ്പോള്‍ ഈ കാറ്റുകള്‍ ദുര്‍ബലമാകും.ഇതുമൂലം ചൂടുവെള്ളം പസഫിക് സമുദ്രത്തിലുടനീളം കിഴക്ക് ഭാഗത്തേക്ക് വ്യാപിക്കും. ഇത് ആഗോള അന്തരീക്ഷ വായുവിന്റെ ഗതികളില്‍ വലിയ മാറ്റമാണുണ്ടാക്കുന്നത്.ചൂടുള്ള സമുദ്രജലം വായു മുകളിലേക്ക് ഉയരാനും മധ്യ,പൂര്‍വ പസഫിക്കില്‍ കനത്ത മഴ പെയ്യാനും ഇടയാക്കും. ഇതേസമയം ഇന്ത്യന്‍ സമുദ്രത്തിലും ആഫ്രിക്കയുടെ ഭാഗങ്ങളിലും വായു ചുരുങ്ങുകയും മഴ കുറയുകയും ചൂട് കൂടുകയും ചെയ്യും.ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം ചൂടും ദുര്‍ബലമായ മണ്‍സൂണ്‍ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു.കരയിലെയും കടലിലെയും താപവ്യതിയാനമാണ് ഇന്ത്യയില്‍ വേനലും മഴയും നിശ്ചയിക്കുന്നത്.എല്‍ നിനോ വര്‍ഷങ്ങളില്‍ അന്തരീക്ഷ വായുവിന്റെ ചലനം ദുര്‍ബലമാകുന്നതിലൂടെ മണ്‍സൂണിനും ശക്തികുറയും.ശക്തമായ എല്‍ നിനോ രൂപപ്പെടുകയാണെങ്കില്‍,അത് ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്ണതരംഗ സാധ്യത വര്‍ധിപ്പിക്കും. കാലവര്‍ഷം കുറയുന്നതിലേക്കും ഇതു നയിക്കുമെന്നാണ് ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *