തിരുവനന്തപുരം : കെട്ടിട ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പ്രതികരണം.മാതൃകാ വാടക പരിഷ്കരണ ബിൽ നിയമമാക്കിയാൽ കരാർ രജിസ്ട്രേഷനിലൂടെ സർക്കാരിന്റെ സാമ്പത്തിക വരുമാനം മെച്ചപ്പെടുന്നതിനൊപ്പം കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.വർഷംതോറുമുള്ള അഞ്ച് ശതമാനം നികുതി വർധന പിൻവലിക്കുക, കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റ് ആവശ്യങ്ങൾക്കായി അപേക്ഷ നൽകുമ്പോഴും കെട്ടിട ഉടമയുടെ അറിവും സമ്മതവും ഉറപ്പാക്കുക തുടങ്ങിയ ഏഴ് പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
വയനാട്ടിലെ കെട്ടിട ഉടമകൾ ഉൾപ്പെടെയുള്ളവരുടെ ഗുരുതര പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.സംസ്ഥാന പ്രസിഡന്റ് പഴേരി ശരീഫ് ഹാജി,ജനറൽ സെക്രട്ടറി ജി.നടരാജൻ പാലക്കാട്,വർക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി,സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് കാസർഗോഡ്,മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.ബി.ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ, സീനിയർ വൈസ് പ്രസിഡന്റ് പി.അബ്ദുറഹ്മാൻ ഫാറൂഖി പൊന്നാനി,പാലക്കാട് ജില്ലാ സെക്രട്ടറി റീഗൽ മുസ്തഫ,വയനാട് ജില്ലാ പ്രതിനിധി ആസിഫ് ചൂരൽമല,എറണാകുളം ജില്ലാ പ്രസിഡന്റ് വി. രാമാനന്ദപ്രഭു,സെക്രട്ടറി വിപിൻ പള്ളുരുത്തി,ട്രഷറർ വി.കൃഷ്ണപ്രഭു,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് യൂണിവേഴ്സൽ ഭാസി,അഷ്റഫ് കാളികാവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,തദ്ദേശ വകുപ്പ് മന്ത്രി കെ.എം.ഷാജി,റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ,ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ,തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ, കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് എന്നിവർക്കും സംഘം നിവേദനം നൽകി.കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ സജീവമായി പരിഗണിക്കുമെന്ന് മന്ത്രിമാരും ഉറപ്പ് നൽകി.
