റാഞ്ചി : റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു.റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്.മരിച്ചവരിൽ രണ്ട് പേർ വിമാനജീവനക്കാരാണ്.ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ എയർആംബുലൻസാണ് തകർന്നുവീണത്.വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു.റെഡ്ബേർഡ് എയർവേയ്സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്.രോഗി,ഡോക്ടർ,മെഡിക്കൽ അറ്റൻഡൻ്റ്,രണ്ടു വിമാന ജീവനക്കാർ,രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.സഞ്ജയ് കുമാർ,റിതേഷ് കുമാർ,സച്ചിൻ കുമാർ മിശ്ര,വികാസ് കുമാർ ഗുപ്ത,അർച്ചന ദേവി,ധ്രുവ് കുമാർ എന്നിവരാണ് മരിച്ചത്.പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങൾ സ്ഥിരീകരിച്ചു.അപകടം അന്വേഷിക്കുന്നതിനായി എഎഐബി സംഘത്തെ സ്ഥലത്തേക്ക് അയച്ചു.
