• admin

  • July 3 , 2021

ന്യൂഡൽഹി :

ചട്ടലംഘനത്തെ തുടർന്ന് മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിൽ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പത്തോളം വിഭാഗങ്ങളിൽ പെടുന്ന ലംഘനങ്ങൾക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകൾക്കെതിരെ ഇതേ കാലയളവിൽ നടപടിയെടുത്തിട്ടുണ്ട്.

അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പുതുക്കിയ ഐടി ചട്ടങ്ങൾ നിഷ്കർഷിക്കുന്നു. ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിച്ച് നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

റിപ്പോർട്ടുകളും വിദഗ്ധസംഘത്തിന്റെ വിശകലനങ്ങളും ഒപ്പം നിർമിത ബുദ്ധിയും സംയുക്തമായി ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ നയങ്ങൾക്കെതിരെയുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതെന്നും ഉപയോക്താക്കൾക്ക് സുരക്ഷിതവും സ്വതന്ത്രമായി അഭിപ്രായപ്രകടനം സാധ്യമാക്കുന്നതുമായ പ്ലാറ്റ്ഫോം ഒരുക്കുന്നതിനുമാണ് വർഷങ്ങളായുള്ള സേവനത്തിലൂടെ ഫേസ്ബുക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

അടുത്ത റിപ്പോർട്ട് ജൂലായ് 15 നാണ് ഫെയ്സ്ബുക്ക് പ്രസിദ്ധപ്പെടുത്തുക. 30-45 ദിവസത്തെ ഇടവേളയിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും വരുംകാല റിപ്പോർട്ടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണെന്നും ഫേസ്ബുക്ക് വക്താവ് കൂട്ടിച്ചേർത്തു. ജൂലായ് 15 ന് പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൽ ഫേസ്ബുക്ക് കുടുംബത്തിലെ അംഗമായ വാട്സ്ആപ്പ് സംബന്ധിച്ച വിവരവും ഉണ്ടാകും. ഗൂഗിൾ, കൂ തുടങ്ങിയ പ്രമുഖ സാമൂഹികമാധ്യമപ്ലാറ്റ്ഫോമുകളും റിപ്പോർട്ടുകൾ പുറത്തു വിട്ടു.

നടപടിയെടുത്ത ഉള്ളടക്കങ്ങളിൽ പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ ഉൾപ്പെടുന്നു. പ്രകോപനപരമായതോ ഉപദ്രവകരമായതോ ആയ ഭാഗം നീക്കം ചെയ്യുന്നതോ ചില ഉപയോക്താക്കൾക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ വീഡിയോകളോ ഫോട്ടോകളോ മറയ്ക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതും നടപടികളിൽ പെടും. ഉപയോക്താക്കളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലല്ലാതെ പ്ലാറ്റ്ഫോം നേരിട്ട് നടപടിയെടുക്കുന്ന ഉള്ളടക്കങ്ങളും ഇതിൽ പെടും. പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും പുതുക്കിയ ഐടി ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.