• Lisha Mary

  • April 4 , 2020

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 601 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇത് ഏറ്റവും ഉയര്‍ന്നതാണ്. മഹാരാഷ്ട്ര, ഡല്‍ഹി. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2902 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ 386 പേരായി ഇതോടെ രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. ഇതില്‍ 250 ഓളം പേരും നിസാമുദ്ദീനില്‍ നടന്ന മതപരിപാടിയില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 14 ഓളം സംസ്ഥാനങ്ങളിലെ 650 ഓളം പേര്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 400 കടന്നു. ഇതില്‍ ബഹുഭൂരിപക്ഷവും നിസാമുദ്ദീന്‍ സമ്മളേനത്തില്‍ പങ്കെടുത്തവരാണ്. മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണബാധിതരുള്ള സംസ്ഥാനം. വെള്ളിയാഴ്ച 88 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നത്തെ പുതിയ കേസുകളക്കം മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 500 കടന്നു. മരണത്തിലും മുമ്പില്‍ മഹാരാഷ്ട്രയാണ്. 20 ഓളം പേര്‍ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 68 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ഇന്ന് രാവിലെത്തേതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.