• Lisha Mary

  • March 26 , 2020

ന്യൂഡല്‍ഹി : കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

  1. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. ആശാവര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍ എന്നിവര്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും.
  2. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക.
  3. റേഷന്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. രണ്ട് തവണയായി ഇത് വാങ്ങാവുന്നതാണ്.
  4. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടന്‍ നല്‍കും. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ അക്കൗണ്ടില്‍ ഈ പണം നിക്ഷേപിക്കും. 8.69 കോടി കര്‍ഷകര്‍ക്ക് ഇത് ലഭിക്കും.
  5. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും.
  6. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക.
  7. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി.
  8. ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്‍ക്ക് മൂന്നു മാസത്തേക്ക് എല്‍പിജി സിലിണ്ടര്‍ സൗജന്യം. 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
  9. സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സര്‍ക്കാര്‍ അടയ്ക്കും. 100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതമാണ് നല്‍കുക. പി.എഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു.
  10. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.
  11. നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില്‍ നിന്ന് നിര്‍മ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് ആശ്വാസ ധനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം.