• Lisha Mary

  • March 27 , 2020

മനാമ : സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മദീനയില്‍ വിദേശിയാണ് മരിച്ചത്. ഇതോടെ വൈറസ് മൂലമുള്ള രാജ്യത്തെ മരണം മൂന്നായി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1012 ആയി ഉയര്‍ന്നു. വ്യാഴാഴ്ച പുതുതായി 112 പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. ഇതില്‍ നൂറു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. 12 പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരാണ്. സൗദിയില്‍ ഇതുവരെ മരിച്ചവരെല്ലാം വിദേശികളാണ്. ബുധനാഴ്ച മക്കയില്‍ വിദേശ തൊഴിലാളിയും ചൊവ്വാഴ്ച മദീനയില്‍ അഫ്ഗാന്‍ സ്വദേശിയും മരിച്ചിരുന്നു. എന്നാല്‍, ആദ്യ മരണം ഒഴികെ മറ്റു രണ്ടു മരണങ്ങളും ഏത് രാജ്യക്കാരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ജിസിസിയിലെ കോവിഡ് മൂലമുള്ള മരണം ഇതോടെ ഒന്‍പതായി. ബഹ്റൈനില്‍ നാലും സൗദിയില്‍ മൂന്നും യുഎഇയില്‍ രണ്ടുപേരുമാണ് ഇതുവരെ മരിച്ചത്. വ്യാഴാഴ്ച നാലുപേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി. വ്യാഴാഴ്ചയിലെ പുതിയ കേസുകളില്‍ കൂടുതലും രജിസ്റ്റര്‍ ചെയ്തത്് തലസ്ഥാനമായ റിയാദിലാണ്-34. മക്ക- 26, തായിഫ്-18, ജിദ്ദ-13, ദമാം-6, ഖതീഫ് - 5, മദീന- 3, അല്‍ഖോബാര്‍, ഹൊഫൂഫ്- 2, ദഹ്റാന്‍, ബുറൈദ, ഖഫ്ജി -1 എന്നിങ്ങനെയാണ് വ്യാഴാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. കൊറോണവൈറസ് വ്യാപനം തടയാനായി സൗദി കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഉച്ചക്ക് മൂന്നു മുതലാക്കി ദീര്‍ഘിപിച്ചു. വ്യാഴാഴ്ച ഇത് നിലവില്‍ വന്നു. 13 പ്രവിശ്യകളിലും പ്രവിശ്യകള്‍ക്കിടക്കുള്ള യാത്രയും വിലക്കി. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റു പ്രവിശ്യകളിലുള്ളവര്‍ ഈ പ്രവിശ്യകളിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും രോഗ ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. ബഹ്റൈനില്‍ രോഗബാധിതര്‍ 249 ആയി. വ്യാഴാഴ്ച 24 പേര്‍ക്ക് പുതുതാതയി രോഗം സ്ഥിരീകരിച്ചു. 204 പേര്‍ സുഖം പ്രാപിച്ചു.