• Lisha Mary

  • March 23 , 2020

: കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തെ നിശാനിയമമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വന്തം സുരക്ഷയ്ക്കായി കര്‍ഫ്യൂ സമയങ്ങളില്‍ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളില്‍ തന്നെ തങ്ങാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. കൊറോണ ഏഷ്യയില്‍ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനില്‍ക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അതിര്‍ത്തികള്‍ അടച്ചും വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കി കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കുന്നതിനിടയിലും പല ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. സൗദി-511 ,ഖത്തര്‍-494, ബഹ്റിന്‍-344, കുവൈറ്റ്-188, യുഎഇ-153, ഒമാന്‍-55 എന്നിവങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം. ബഹ്റിനില്‍ കൊറോണ ബാധിച്ച് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.