• Lisha Mary

  • March 7 , 2020

റിയാദ് : സൗദി അറേബ്യയില്‍ രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്താണ് അറസ്റ്റിന് കാരണമെന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. മുന്‍ കിരീടാവകാശിയും അറസ്റ്റിലയാവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടന്നത്. സൗദി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ്, മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, രാജകുടുംബാഗമായ നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ഇളയ പുത്രനാണ് പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്. ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കിടയില്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് 2017 മുതല്‍ വീട്ടുതടങ്കലിലാണ്. മുഖംമൂടി ധരിച്ച് കറുത്ത വേഷമണിഞ്ഞാണ് ഗാര്‍ഡുകള്‍ രാജകുടുംബാംഗങ്ങളുടെ വസതികളില്‍ എത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2017ല്‍ രാജകുടുംബത്തില്‍പെട്ട ഒരു ഡസനിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.