• admin

  • February 2 , 2020

തിരുവനന്തപുരം : അന്താരാഷ്ട്ര കൃത്രിമോപഗ്രഹ ഗവേഷണവിദ്യാഭ്യാസ പദ്ധതി (ഇന്‍സ്പയര്‍) തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്ട സ്‌പെയ്‌സ് പാര്‍ക്കില്‍ നടപ്പാക്കും. കാലാവസ്ഥാ നിരീക്ഷണമടക്കം ലക്ഷ്യമാക്കി ചെറിയ കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനു സഹായിക്കുന്ന ഈ പദ്ധതി ഇപ്പോള്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും തിരുവനന്തപുരത്തുതന്നെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലോകത്തിലെ എട്ടു പ്രമുഖ സര്‍വകലാശാലകള്‍ ചേര്‍ന്നാണ് ഇന്‍സ്പയറിനു രൂപം നല്‍കിയിട്ടുള്ളത്. ചെറുകിട ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് വിക്ഷേപിക്കുന്നതിനും അതിലൂടെ അവയുടെ ശൃംഖല നിര്‍മിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഗ്രൗണ്ട് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമാണ്. കോവളത്ത് സമാപിച്ച ബഹിരാകാശ ഉച്ചകോടിയില്‍ ഇന്‍സ്പയര്‍ പദ്ധതിയെക്കുറിച്ചു നടന്ന സെഷനിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. ജര്‍മനിയിലെ വുപ്പര്‍ട്ടാല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. മാര്‍ട്ടിന്‍ കഫ്മാന്‍, ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സ് മുന്‍ എന്‍ജിനീയറിംഗ് ഡയറക്ടര്‍ മൈക്ക് മക്ഗ്രാത്ത്, ലാസ്പ് പ്രോഗ്രാം മാനേജര്‍ റിക്ക് കോനെര്‍ട്ട്, തയ്വാന്‍ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ലോറന്‍ ചാങ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബഹിരാകാശവ്യവസായത്തിലെ പുത്തന്‍ ദൗത്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി 'നവ ബഹിരാകാശം - അവസരങ്ങളും മുന്നോട്ടുള്ള വഴികളും' എന്ന പ്രമേയത്തില്‍ സ്‌പെയ്‌സ് പാര്‍ക്ക് ആണ് എഡ്ജ്-2020 എന്ന പേരില്‍ ഉച്ചകോടി സംഘടിപ്പിച്ചത്. അടുത്ത ഉച്ചകോടി അടുത്ത ജനുവരിയില്‍ നടത്താന്‍ തീരുമാനമായി.