• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : സ്ത്രീശാക്തീകരണത്തിന് കേരളം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ അംഗീകാരം. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ സ്ഥാപനമായ യുഎന്‍ വിമണിന്റെ ദക്ഷിണേഷ്യന്‍ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കും. ഇതിനുളള ധാരണാപത്രം ഈ മാസം 20ന് ഒപ്പിടുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സ്ഥാപിക്കുന്ന ആദ്യ കേന്ദ്രമാണിത്. കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്കിനെയാണ് കേന്ദ്രമാക്കുന്നത്. കേരളത്തില്‍ കേന്ദ്രം സ്ഥാപിക്കാന്‍ യുഎന്‍ വിമണ്‍ സെന്ററാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. സ്ത്രീകളുടെ ക്ഷേമം, ശാക്തീകരണം, സംരംഭകത്വം, നേതൃശേഷി ഉയര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വേദിയാകും സെന്റര്‍. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം അവസാനിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ബജറ്റിലും പദ്ധതി ആസൂത്രണത്തിലും വനിതാ വികസനത്തിന് അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കും. ജെന്‍ഡര്‍ ഡാറ്റ സെന്ററും ഇവിടെ വിഭാവനം ചെയ്യുന്നു. ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പൊതുവേദികൂടിയാകും സെന്റര്‍.